
കലഹത്തിന്റെ വചന ശുദ്ധിയും അഗ്നിയുടെ ശോഭയും
റഷീദ് പാനൂര്‍
കഴിഞ്ഞ അനേകം നൂറ്റാണ്ടുകളായി പുസ്തകങ്ങളുടെ പുറംചട്ടയിലെ വിവരണങ്ങളില്‍ നിന്ന് തുടങ്ങി ഗൗരവമുള്ള സാഹിത്യ ചര്‍ചകള്‍വരെ ഒഴിയാതെ പ്രത്യക്ഷപ്പെടുന്ന ഒരു വിശേഷണ പദമാണ് കാഫ്കാസ്‌ക് (ഗമളസമലൂൌല) നിത്യജീവിതത്തിന്റെ യുക്തിയെ ഭഞ്ജിച്ചുകൊണ്ട് കടന്നുവരുന്ന ആകസ്മികമായ സംഭവങ്ങളെ വിവരിക്കാന്‍ പത്രക്കാര്‍ ഉപയോഗിക്കുന്ന ഒരു പദമാണ് ഇത്. കലാ ലോകത്ത് ഈ പദം ആധുനിക സാഹിത്യത്തിന്റെയും, നവീന കലയുടെ ന്യൂക്ലിയസ്സാണ്. ആധുനിക സാഹിത്യത്തിന്റെ അടിവേരുകള്‍ അന്വേഷിക്കുമ്പോള്‍ പലരും ചെന്നെത്തുക ജര്‍മന്‍ സാഹിത്യകാരന്‍ കാഫ്കയുടെ ഭീതി നിറഞ്ഞ ലോകത്താണ്. യുദ്ധാനന്തര യൂറോപ്യന്‍ സാഹിത്യത്തിലും കലയിലും പ്രത്യക്ഷപ്പെട്ട അത്യാധുനിക പ്രവണതകളെ നിര്‍വചിക്കാന്‍ ഇതിലും സത്യസന്ധമായ പ്രജ്ഞയില്ല. വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളും കാരണമില്ലാത്ത ജയില്‍ വാസവും കൂട്ടത്തോടെയുള്ള നാടുകടത്തലും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളും അടങ്ങിയ ഈ നൂറ്റാണ്ടിന്റെ സവിശേഷമായ രാഷ്ട്രീയ പരിതസ്ഥിതികളില്‍ നിന്ന് രൂപംകൊണ്ട ആധുനികതയുടെ വക്താക്കള്‍ കാഫ്കയും കാമുവും സാത്രും അയണസ്‌കോവും ബക്കറ്റും മാക്‌സ് ഫ്രീഷും ആണെങ്കില്‍ മലയാളത്തില്‍ ഈ തരംഗം ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ ആഞ്ഞു വീശിയപ്പോള്‍ ഒ.വി. വിജയനും ആനന്ദും കാക്കനാടനും സേതുവും മുകുന്ദനും ഇതിന്റെ വക്താക്കളായി മാറി. കൃത്യമായി വ്യവച്ഛേദിക്കാനാവാത്ത അകാരണമായ ഒരു ഭീതി കേരളത്തിലെ ആധുനിക എഴുത്തുകാരുടെ ഭാവനയെ തലോടി. മരണ സര്‍ട്ടിഫിക്കറ്റ്, ആള്‍ക്കൂട്ടം, ഖസാഖിന്റെ ഇതിഹാസം, ഉഷ്ണ മേഖല, സാക്ഷി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പാണ്ഡവപുരം തുടങ്ങിയ ആധുനിക നോവലുകള്‍ ഇന്നും ചര്‍ച ചെയ്യപ്പെടുന്നു. കേരളത്തിലെ ആധുനികത ഒരു വിദേശ ഉത്പന്നമാണെന്നും അത് സാഹിത്യത്തെ മലീമസമാക്കിയെന്നും പറഞ്ഞ് അതിനെ തൊട്ടുകൂടാത്ത ഒന്നായി മാറ്റി നിര്‍ത്തിയപ്പെള്‍ രംഗത്തുവന്ന നിരൂപകനാണ് അടുത്തിടെ അന്തരിച്ച കെ. പി. അപ്പന്‍. ആധുനിക തത്വശാസ്ത്രം ശരിക്കും പഠിച്ച് രംഗത്തിറങ്ങിയ അപ്പനും വി. രാജകൃഷ്ണനും നിരൂപണ സമ്പ്രദായത്തെതന്നെ മാറ്റിമറിച്ചു. വ്യക്തിയുടെ ഉപബോധ മനസ്സില്‍ പതിയിരിക്കുന്ന ഭയാശങ്കകളെ പാണ്ഡവപുരം പോലെയുള്ള കൃതി അനലൈസ് ചെയ്തപ്പോള്‍ വായനക്കാര്‍ പകച്ചു നിന്നു. ഇത്തരം കലയുടെ പൊരുള്‍ തേടി അപ്പന്‍ നടത്തിയ അന്വേഷണമാണ് അദ്ദേഹത്തിന്റെ ആദ്യകൃതി ക്ഷോഭിക്കുന്നവരുടെ സുവിശേഷം. തന്റെ ഭാവുകത്വത്തെ നിരന്തരം നവീകരിച്ച് തന്റെ ചിന്തകള്‍ക്ക് അദ്ദേഹം യുക്തിയുടെ ഉറപ്പേറിയ അസ്ഥിവാരം നല്‍കുന്നു. കൃതികളെ ഭാഷാ ശില്പങ്ങളായി കാണാന്‍ ശ്രമിക്കുക, ബിംബങ്ങളും രൂപങ്ങളും പഠിച്ച് എഴുത്തുകാരന്റെ ദര്‍ശനം കണ്ടെത്തുക, പുതിയ സെന്‍സിബിലിറ്റി ആവിഷ്‌കരിക്കാന്‍ കെല്‍പ്പുള്ള ഭാഷ കണ്ടെത്തുക, അതുവഴി നാളിതുവരെയുള്ള മലയാള വിമര്‍ശ സമ്പ്രദായങ്ങളെ പാടെ നിഷേധിക്കുക, ഇതൊക്കെയാണ് ആധുനിക വിമര്‍ശനത്തിന്റെ സവിശേഷതകള്‍. ഒറ്റയാന്റെ കരുത്തോടെ ഒരു പുതിയ വിമര്‍ശന ശൈലി മലയാള സാഹിത്യത്തില്‍ തുടങ്ങിവെച്ചത് കെ. പി. അപ്പനാണ്. തിരസ്‌കാരം എന്ന കൃതിയില്‍ അപ്പന്‍ കാലകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നു.
കലഹവും വിശ്വാസവും എന്ന മൂന്നാമത്തെ കൃതിയിലെത്തുമ്പോള്‍ അക്കാദമിക് വിമര്‍ശന സമ്പ്രദായങ്ങളെ അപ്പന്‍ കശക്കിയെറിയുന്നു. മാറുന്ന മലയാള നോവല്‍ എന്ന വിഖ്യാത കൃതി 1989 ല്‍ പുറത്തുവന്നതോടെ മലയാള ഭാഷയുടെ നോവല്‍ വിമര്‍ശനത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതി ചേര്‍ക്കുകയായിരുന്നു. അരനൂറ്റാണ്ടുകള്‍ക്കപ്പുറം - എം. പി. പോള്‍, കേസരി തുടങ്ങിയവര്‍ തുടങ്ങിവെച്ച നിരൂപണ സമ്പ്രദായങ്ങളില്‍ നിന്ന് മലയാളത്തിലെ നോവല്‍ വിമര്‍ശനത്തിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞത് പുതിയ വിമര്‍ശനത്തിന്റെ ആവിര്‍ഭാവത്തോടു കൂടിയാണ്. നോവലിലെ കഥ വിശദമായി അപഗ്രഥിക്കുകയും ജീവിത ഗന്ധം പാത്രസൃഷ്ടി എന്നിവയെ കുറിച്ച് ദീര്‍ഘമായി ഉപന്യസിക്കുകയും ചെയ്യുന്ന പൊതുരീതിയില്‍ നിന്ന് പൂര്‍ണമായും വേറിട്ടു നില്‍ക്കുന്ന പുസ്തകമാണ് ഇത്. എഴുത്തുകാരന്‍ ഉപയോഗിക്കുന്ന പദങ്ങളും ബിംബ കല്പനകളും പദസംവിധാന കലയും ശൈലിയും സ്വരസവിശേഷതകളും ആഖ്യാനകലയും അപഗ്രഥിച്ച് കലയും ദര്‍ശനവും വെളിപ്പെടുത്തുന്ന രീതിയാണ് അപ്പന്‍ സ്വീകരിക്കുന്നത്. മഞ്ഞ്, ആള്‍ക്കൂട്ടം, ഡല്‍ഹി, ഉഷ്ണമേഖല തുടങ്ങിയ നോവലുകള്‍ക്ക് അപ്പന്‍ എഴുതിയ പഠനങ്ങള്‍ സവിശേഷ ശിക്ഷണം ആവശ്യപ്പെടുന്നു.
