Saturday, January 2, 2010

തീവണ്ടി മുറി




തീവണ്ടി മുറി

കൈപ്പുഴ രാജന്‍

തീവണ്ടി മുറിയിലെ
ഇരുമ്പു ജാലകത്തിലൂടെ
വിദൂരതയിലേക്ക് നോക്കുന്ന പെണ്‍കുട്ടി
ആദ്യമോര്‍ക്കുന്നതെന്തിനെ കുറിച്ചായിരിക്കും
പിന്നിലേക്കൊഴുകുന്നപുഴകളെക്കുറിച്ചോ, മരങ്ങളെക്കുറിച്ചോ
അല്ലെങ്കില്‍,
ആദ്യ ആര്‍ത്തവം മലിനമാക്കിയഅടിവസ്ത്രങ്ങളെക്കുറിച്ചോ
അനുരാഗത്തിന്റെബീജം മണക്കുന്ന മെത്തയില്‍
അലസമായുറങ്ങിയ
വരണ്ട സന്ധ്യയെക്കുറിച്ചോ
നവ വരന്റെ കരം പിടിച്ച്നിത്യ ദുഖത്തിലേക്കാണ്ടുപോയ
അശുഭ മുഹൂര്‍ത്തത്തെക്കുറിച്ചോ

രക്തം മണക്കുന്നശസ്ത്രക്രിയാ മുറിയിലെചാപ്പിള്ളയെക്കുറിച്ചോ
അതിജീവിനത്തിന്റെഅടുക്കളയിലെ
ആവിയില്‍അലിഞ്ഞുപോയ ദിനങ്ങളെക്കുറിച്ചോ
പനിപിടിച്ച കുഞ്ഞുമായി
ധര്‍മാശുപത്രി വരാന്തയിലെനിരാലംഭതയില്‍
നിന്നപകലുകളെക്കുറിച്ചോ
ഓര്‍ത്തതെല്ലാംയാഥാര്‍ത്ഥ്യമാണെങ്കിലും
ഒരിക്കലൂടെ ഓര്‍മയിലേക്ക്
തിരിയുമ്പോഴെത്തിവണ്ടി ചെങ്ങന്നൂരില്‍.

Saturday, December 19, 2009

തട്ടിപ്പുകാരന്റെ മൂടുപടങ്ങള്‍.


തട്ടിപ്പുകാരന്റെ മൂടുപടങ്ങള്‍.
ഫ്രാന്‍സ് കാഫ്ക

അവസാനം, രാത്രി പത്തു മണിയോട് അടുപ്പിച്ച്, വൈകുന്നേരം വിരുന്നിനായി ക്ഷണിക്കപ്പെട്ടിട്ടുള്ള ആ പ്രൗഢമായ വീടിന്റെ മുന്നിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. മുമ്പൊരിക്കല്‍ കണ്ടു പരിചയമുള്ള, ഇപ്പോള്‍ ഓര്‍ക്കാപ്പുറത്തു മുന്നില്‍ വന്നു ചാടിയതിന്റെ പേരില്‍ പിന്നാലെ തൂങ്ങി നടക്കുകയും ചെയ്യുന്ന ഒരാള്‍ കൂടി എന്റെ കൂടെയുണ്ടായിരുന്നു.
ശരി. ഇനി പിരിയാം സുഹൃത്തേ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ കൈതട്ടിക്കൊണ്ട് പറഞ്ഞു. അവനില്‍ നിന്നും രക്ഷപ്പെട്ടാന്‍ ഇത്തരം ഉറപ്പില്ലാത്ത ശ്രമങ്ങള്‍ നേരത്തെ പലതും നടത്തി തളര്‍ന്നിരിക്കയായിരുന്നു ഞാന്‍.
നിങ്ങള്‍ നേരെ പോകുകയാണോ? അയാള്‍ ചോദിച്ചു. പല്ലുകടിക്കുന്നതുപോലെയുള്ള ഒരു ശബ്ദമാണ് ഞാന്‍ കേട്ടത്.
അതെ.
ഞാന്‍ ക്ഷണിക്കപ്പെട്ടവനാണെന്ന് ആദ്യം കണ്ടപ്പോള്‍ തന്നെ ഞാനവനെ അറിയിച്ചിരുന്നതാണ്. കടന്നുചെല്ലാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വീട്ടിലേക്കാണ് ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നത്. അല്ലാതെ, ഇവിടെ ഈ വാതിലിനു മുന്നില്‍ ഇങ്ങനെ അപരിചിതനായ ഈ മനുഷ്യന്റെ തോളിനു മീതേക്കൂടി നോക്കിനില്‍ക്കാനും നേരത്ത പറഞ്ഞുറപ്പിച്ച പോലെ നിശ്ശബ്ദതയാല്‍ മൂകരാകാനും വേണ്ടിയല്ല. എന്നാല്‍ ആ വീടിനു തൊട്ടപ്പുറത്തെ ഇരുട്ടും ആകാശത്തിലെ നക്ഷത്രങ്ങള്‍തന്നെയും പെട്ടെന്ന് ആ നിശ്ശബ്ദതയില്‍ മൂടി. എവിടേക്ക് പോകുന്നുവെന്ന് നമുക്ക് ചോദിക്കാന്‍ അര്‍ഹതയില്ലാത്ത യാത്രക്കാരുടെ കാല്‍വെയ്പ്പുകള്‍, തെരുവിന്റെ അപ്പുറത്ത് നിര്‍ത്താതെ വീശിക്കൊണ്ടിരിക്കുന്ന കാറ്റ്, ആരുടേയോ മുറിയിലെ അടഞ്ഞ ജനാലയ്ക്കിടയിലൂടെ ഒഴുകിവുരുന്ന ഗ്രാമഫോണില്‍ നിന്നുള്ള വിഷാത്മകമായ പാട്ട്. ഇവയെല്ലാം ഇതിനു മുമ്പും ഇനിയെന്നും അങ്ങനെ തന്നെയായിരിക്കുമെന്ന ഭാവത്തോടെ, ആ നിശ്ശബ്ദതയുടെ ഉള്ളില്‍ നിന്ന് പതുക്കെ പുറത്തു വന്നു.
എന്റെ സഹയാത്രികനാകട്ടെ, വലതുകൈ നീട്ടി മതിലില്‍ കുത്തി, അതില്‍ കവിളമര്‍ത്തി, കണ്ണുകളുടെ ഇമ താഴ്ത്തി നിന്ന് സ്വന്തം പേരിലും - പിന്നെ ഒരു പുഞ്ചിരിയോടെ എന്റെ പേരിലും - അതില്‍ പങ്കുചേര്‍ന്നു.
പെട്ടെന്ന് ലജ്ജ പിടികൂടിയതുകാരണം എനിക്ക് അയാളുടെ പുഞ്ചിരിയുടെ അവസാനം കാണേണ്ടി വന്നില്ല. അയാള്‍ വെറുമൊരു തട്ടിപ്പുകാരനല്ലാതെ മറ്റാരുമല്ലെന്ന് മനസ്സിലാക്കാന്‍ ആ പുഞ്ചിരി വേണ്ടിവന്നുവെന്നതാണ് സത്യം. ഞാന്‍ ഈ നഗരത്തിലെത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നതിനാല്‍ തട്ടിപ്പുകാരെക്കുറിച്ച് എനിക്കെല്ലാമറിയാമെന്നായിരുന്നു എന്റെ ധാരണ. ഇടവഴികളില്‍ നിന്ന് ഹെഡ് വൈറ്റര്‍മാരുടെ നീട്ടിപ്പിടിച്ച കൈകളോടെ നിങ്ങളുടെ അടുത്തേക്കുള്ള അവരുടെ വരവ്, ഒരു പരസ്യത്തൂണില്‍ നിങ്ങള്‍ നില്‍ക്കുമ്പോള്‍, അതിനെ ചുറ്റിപ്പിടിച്ച് ഒളിച്ചു നോക്കുന്ന രീതി, ഒഴിഞ്ഞു മാറി നടക്കുമ്പോള്‍ പെട്ടെന്ന് അവരുടെ മുന്നിലേക്കുളള ആവിര്‍ഭാവം. എനിക്കിതെല്ലാം വളരെ പരിചിതമായിരുന്നു. നഗരത്തിലെ ചെറിയ മദ്യഷാപ്പിലും ഹോട്ടലിലും വെച്ച് ഞാന്‍ ആദ്യമായി പരിചയപ്പെട്ടത് ഇവരെയായിരുന്നു. ലോകത്തെവിടെയും കാണാവുന്ന പാരുഷ്യം ആദ്യമായി എന്നെ ബോധ്യപ്പെടുത്തിത്തന്ന് മനസ്സിനെ ദൃഢമാക്കിയതിനു എനിക്കു നന്ദി പറയേണ്ടതും ഇവരോടാണ്. നിങ്ങള്‍ എത്രമുമ്പേ രക്ഷപ്പെട്ടുപോയാലും ഒരിക്കലും വിട്ടുകൊടുക്കാനോ തോറ്റു മടങ്ങാനോ തയ്യാറില്ലാതെ ദൂരേയ്ക്ക് മാറി നിന്നാലും കാര്യമില്ല, നോട്ടങ്ങള്‍ നിങ്ങളുടെ നേര്‍ക്ക് തൊടുത്തു വിട്ടുകൊണ്ട് അവര്‍ നില്‍ക്കും. അവരെപ്പോഴും ഒരുപോലെ തന്നെയായിരുന്നു. കഴിയുന്നത്ര സ്ഥലം അപഹരിച്ചുകൊണ്ടു കുറ്റി നാട്ടിയപോലെ അവര്‍ നിങ്ങളുടെ അടുത്തു വന്നു അല്പം മാറി നില്‍ക്കും. നിങ്ങള്‍ പോകാനാഗ്രഹിക്കുന്ന സ്ഥലത്തേക്ക് കൂര്‍പ്പിച്ചു നോക്കി, പകരമായി സ്വന്തം ഹൃദയം പോലും പണയം വെയ്ക്കാമെന്ന നാട്യത്തോടെ. ഇനി നിങ്ങളുടെ അമര്‍ത്തിവെച്ച രോഷമെല്ലാം കുതറിപുറത്തു ചാടിയാലും രക്ഷയില്ല. അവര്‍ അതിനെ ഒരാശ്ലേഷമായി സ്വീകരിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യും.
ഇതെല്ലാം വീണ്ടും തിരിച്ചറിയാന്‍ ഈ മനുഷ്യനുമായി ഇത്രയും സമയം ചിലവിടേണ്ടി വന്നുവെന്നോര്‍ത്ത് എനിക്ക് നാണക്കേടുണ്ടായി. അതു മറയ്ക്കാനെന്നോണം ഞാന്‍ കൈവിരല്‍ തുമ്പുകള്‍ തമ്മിലുരസി. എന്റെ സഹചാരി അപ്പോഴും പഴയ പടി തന്റെ തട്ടിപ്പുകളെല്ലാം വിജയിച്ചുവെന്ന ഭാവത്തോടെ നില്‍ക്കുകയായിരുന്നു. വിജയത്തിന്റെ ആ മാസ്മരികത അയാളുടെ കവിളുകളെ അരുണാഭമാക്കി. പിടികിട്ടി സുഹൃത്തേ...... അയാളുടെ ചുമലില്‍ വിരല്‍ തൊട്ട് ഞാന്‍ പറഞ്ഞു. എന്നിട്ട് നടക്കല്ലുകള്‍ ധൃതിയില്‍ ഓടിക്കയറി. ഹാളിലെ വേലക്കാരുടെ മുഖത്ത് പ്രസരിച്ച സേവനാര്‍പ്പണം വിസ്മയകരമായ ഒരനുഭൂതിയായി എന്നെ തലോടി. എന്റെ കോട്ടു ഊരുമാറ്റുമ്പോഴും ഷൂസ് തുടച്ചു മിനുക്കുമ്പോഴും ഞാന്‍ അവരെ ഓരോന്നായി വീക്ഷിച്ചു. പിന്നെ, ആശ്വാസത്തിന്റെയായ നെടുവീര്‍പ്പയച്ച്, നെഞ്ചുയര്‍ത്തി ഞാന്‍ സ്വീകരണ മുറിയിലേക്ക് പ്രവേശിച്ചു.
കുറിപ്പ്: കാഫ്കയുടെ അതി പ്രശസ്തമായ ഈ കഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് എഡ്‌വിന്‍ മൂറും വില്ലയും ചേര്‍ന്നാണ്.

Saturday, November 14, 2009

സാഹിത്യ കലഹങ്ങള്‍



കലഹത്തിന്റെ വചന ശുദ്ധിയും അഗ്നിയുടെ ശോഭയും

റഷീദ് പാനൂര്‍


കഴിഞ്ഞ അനേകം നൂറ്റാണ്ടുകളായി പുസ്തകങ്ങളുടെ പുറംചട്ടയിലെ വിവരണങ്ങളില്‍ നിന്ന് തുടങ്ങി ഗൗരവമുള്ള സാഹിത്യ ചര്‍ചകള്‍വരെ ഒഴിയാതെ പ്രത്യക്ഷപ്പെടുന്ന ഒരു വിശേഷണ പദമാണ് കാഫ്കാസ്‌ക് (ഗമളസമലൂൌല) നിത്യജീവിതത്തിന്റെ യുക്തിയെ ഭഞ്ജിച്ചുകൊണ്ട് കടന്നുവരുന്ന ആകസ്മികമായ സംഭവങ്ങളെ വിവരിക്കാന്‍ പത്രക്കാര്‍ ഉപയോഗിക്കുന്ന ഒരു പദമാണ് ഇത്. കലാ ലോകത്ത് ഈ പദം ആധുനിക സാഹിത്യത്തിന്റെയും, നവീന കലയുടെ ന്യൂക്ലിയസ്സാണ്. ആധുനിക സാഹിത്യത്തിന്റെ അടിവേരുകള്‍ അന്വേഷിക്കുമ്പോള്‍ പലരും ചെന്നെത്തുക ജര്‍മന്‍ സാഹിത്യകാരന്‍ കാഫ്കയുടെ ഭീതി നിറഞ്ഞ ലോകത്താണ്. യുദ്ധാനന്തര യൂറോപ്യന്‍ സാഹിത്യത്തിലും കലയിലും പ്രത്യക്ഷപ്പെട്ട അത്യാധുനിക പ്രവണതകളെ നിര്‍വചിക്കാന്‍ ഇതിലും സത്യസന്ധമായ പ്രജ്ഞയില്ല. വിപ്ലവങ്ങളും പ്രതിവിപ്ലവങ്ങളും കാരണമില്ലാത്ത ജയില്‍ വാസവും കൂട്ടത്തോടെയുള്ള നാടുകടത്തലും കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളും അടങ്ങിയ ഈ നൂറ്റാണ്ടിന്റെ സവിശേഷമായ രാഷ്ട്രീയ പരിതസ്ഥിതികളില്‍ നിന്ന് രൂപംകൊണ്ട ആധുനികതയുടെ വക്താക്കള്‍ കാഫ്കയും കാമുവും സാത്രും അയണസ്‌കോവും ബക്കറ്റും മാക്‌സ് ഫ്രീഷും ആണെങ്കില്‍ മലയാളത്തില്‍ ഈ തരംഗം ആയിരത്തിതൊള്ളായിരത്തി അമ്പതുകളില്‍ ആഞ്ഞു വീശിയപ്പോള്‍ ഒ.വി. വിജയനും ആനന്ദും കാക്കനാടനും സേതുവും മുകുന്ദനും ഇതിന്റെ വക്താക്കളായി മാറി. കൃത്യമായി വ്യവച്ഛേദിക്കാനാവാത്ത അകാരണമായ ഒരു ഭീതി കേരളത്തിലെ ആധുനിക എഴുത്തുകാരുടെ ഭാവനയെ തലോടി. മരണ സര്‍ട്ടിഫിക്കറ്റ്, ആള്‍ക്കൂട്ടം, ഖസാഖിന്റെ ഇതിഹാസം, ഉഷ്ണ മേഖല, സാക്ഷി, മയ്യഴിപ്പുഴയുടെ തീരങ്ങളില്‍, പാണ്ഡവപുരം തുടങ്ങിയ ആധുനിക നോവലുകള്‍ ഇന്നും ചര്‍ച ചെയ്യപ്പെടുന്നു. കേരളത്തിലെ ആധുനികത ഒരു വിദേശ ഉത്പന്നമാണെന്നും അത് സാഹിത്യത്തെ മലീമസമാക്കിയെന്നും പറഞ്ഞ് അതിനെ തൊട്ടുകൂടാത്ത ഒന്നായി മാറ്റി നിര്‍ത്തിയപ്പെള്‍ രംഗത്തുവന്ന നിരൂപകനാണ് അടുത്തിടെ അന്തരിച്ച കെ. പി. അപ്പന്‍. ആധുനിക തത്വശാസ്ത്രം ശരിക്കും പഠിച്ച് രംഗത്തിറങ്ങിയ അപ്പനും വി. രാജകൃഷ്ണനും നിരൂപണ സമ്പ്രദായത്തെതന്നെ മാറ്റിമറിച്ചു. വ്യക്തിയുടെ ഉപബോധ മനസ്സില്‍ പതിയിരിക്കുന്ന ഭയാശങ്കകളെ പാണ്ഡവപുരം പോലെയുള്ള കൃതി അനലൈസ് ചെയ്തപ്പോള്‍ വായനക്കാര്‍ പകച്ചു നിന്നു. ഇത്തരം കലയുടെ പൊരുള്‍ തേടി അപ്പന്‍ നടത്തിയ അന്വേഷണമാണ് അദ്ദേഹത്തിന്റെ ആദ്യകൃതി ക്ഷോഭിക്കുന്നവരുടെ സുവിശേഷം. തന്റെ ഭാവുകത്വത്തെ നിരന്തരം നവീകരിച്ച് തന്റെ ചിന്തകള്‍ക്ക് അദ്ദേഹം യുക്തിയുടെ ഉറപ്പേറിയ അസ്ഥിവാരം നല്‍കുന്നു. കൃതികളെ ഭാഷാ ശില്പങ്ങളായി കാണാന്‍ ശ്രമിക്കുക, ബിംബങ്ങളും രൂപങ്ങളും പഠിച്ച് എഴുത്തുകാരന്റെ ദര്‍ശനം കണ്ടെത്തുക, പുതിയ സെന്‍സിബിലിറ്റി ആവിഷ്‌കരിക്കാന്‍ കെല്‍പ്പുള്ള ഭാഷ കണ്ടെത്തുക, അതുവഴി നാളിതുവരെയുള്ള മലയാള വിമര്‍ശ സമ്പ്രദായങ്ങളെ പാടെ നിഷേധിക്കുക, ഇതൊക്കെയാണ് ആധുനിക വിമര്‍ശനത്തിന്റെ സവിശേഷതകള്‍. ഒറ്റയാന്റെ കരുത്തോടെ ഒരു പുതിയ വിമര്‍ശന ശൈലി മലയാള സാഹിത്യത്തില്‍ തുടങ്ങിവെച്ചത് കെ. പി. അപ്പനാണ്. തിരസ്‌കാരം എന്ന കൃതിയില്‍ അപ്പന്‍ കാലകാരന്റെ സ്വാതന്ത്ര്യത്തെക്കുറിച്ച് വാചാലനാകുന്നു.

കലഹവും വിശ്വാസവും എന്ന മൂന്നാമത്തെ കൃതിയിലെത്തുമ്പോള്‍ അക്കാദമിക് വിമര്‍ശന സമ്പ്രദായങ്ങളെ അപ്പന്‍ കശക്കിയെറിയുന്നു. മാറുന്ന മലയാള നോവല്‍ എന്ന വിഖ്യാത കൃതി 1989 ല്‍ പുറത്തുവന്നതോടെ മലയാള ഭാഷയുടെ നോവല്‍ വിമര്‍ശനത്തിന്റെ ചരിത്രത്തില്‍ ഒരു പുതിയ അധ്യായം എഴുതി ചേര്‍ക്കുകയായിരുന്നു. അരനൂറ്റാണ്ടുകള്‍ക്കപ്പുറം - എം. പി. പോള്‍, കേസരി തുടങ്ങിയവര്‍ തുടങ്ങിവെച്ച നിരൂപണ സമ്പ്രദായങ്ങളില്‍ നിന്ന് മലയാളത്തിലെ നോവല്‍ വിമര്‍ശനത്തിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞത് പുതിയ വിമര്‍ശനത്തിന്റെ ആവിര്‍ഭാവത്തോടു കൂടിയാണ്. നോവലിലെ കഥ വിശദമായി അപഗ്രഥിക്കുകയും ജീവിത ഗന്ധം പാത്രസൃഷ്ടി എന്നിവയെ കുറിച്ച് ദീര്‍ഘമായി ഉപന്യസിക്കുകയും ചെയ്യുന്ന പൊതുരീതിയില്‍ നിന്ന് പൂര്‍ണമായും വേറിട്ടു നില്‍ക്കുന്ന പുസ്തകമാണ് ഇത്. എഴുത്തുകാരന്‍ ഉപയോഗിക്കുന്ന പദങ്ങളും ബിംബ കല്പനകളും പദസംവിധാന കലയും ശൈലിയും സ്വരസവിശേഷതകളും ആഖ്യാനകലയും അപഗ്രഥിച്ച് കലയും ദര്‍ശനവും വെളിപ്പെടുത്തുന്ന രീതിയാണ് അപ്പന്‍ സ്വീകരിക്കുന്നത്. മഞ്ഞ്, ആള്‍ക്കൂട്ടം, ഡല്‍ഹി, ഉഷ്ണമേഖല തുടങ്ങിയ നോവലുകള്‍ക്ക് അപ്പന്‍ എഴുതിയ പഠനങ്ങള്‍ സവിശേഷ ശിക്ഷണം ആവശ്യപ്പെടുന്നു.

Thursday, October 22, 2009

സ്ത്രീ 2000


സ്ത്രീ 2000
ഡോ. സുആദ അല്‍ സബ
മറ്റു സ്ത്രീകളെപ്പോലെ കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട്
സ്വന്തം പ്രതിബിംബം ആസ്വദിച്ച്
എനിക്കെന്റെ സമയം ചിലവഴിക്കാമായിരുന്നു
മെത്തയില്‍ കിടന്ന് കാപ്പി മൊത്തിക്കുടിച്ച്
ടെലഫോണിലൂടെ കിന്നരിക്കാമായിരുന്നു.
പുരകത്തിന്റെ വടിവും മുഖലാവണ്യങ്ങളുമായി
അടയാഭരണങ്ങള്‍ ക്രമീകരിച്ചും
സുഗന്ധങ്ങളില്‍ നനഞ്ഞും
കടല്‍പൊന്നിനെ നഗ്നഗാത്രങ്ങളിലേക്കാവഹിച്ചും
ലോലുപനടന ലഹരിയില്‍
ദിനരാത്രങ്ങളെ കൊഴുപ്പിക്കാമായിരുന്നു.
എതിരെപ്പോകുന്നവരുടെ കാഴ്ചയെ ഭ്രമിപ്പിക്കുന്ന
സ്വര്‍ഗീയ വസ്തുക്കള്‍ക്കായ്
വായനയുടെ മഹാസാഗരത്തില്‍ മുങ്ങാതെയും
എഴുത്തിന്റെ ഹര്‍ഷവര്‍ഷങ്ങളില്‍
നനയാതെയും
ലോകപര്യടനത്തില്‍ ഏര്‍പ്പെടാമായിരുന്നു.
തിരസ്‌കാരങ്ങളും വിദ്വേഷങ്ങളും അവഗണിച്ചും
പാരമ്പര്യങ്ങളെ ചോദ്യംചെയ്യുന്നതില്‍ നിന്ന് തലയൂരിയും
ദുരന്തങ്ങളുടെ നൈരന്തര്യങ്ങളെ കണ്ടില്ലെന്ന് നടിച്ചും
കണ്ണീരിന്റെ പുളി രസം ഉമിനീരില്‍ പതിയാതെയും
പാരതന്ത്യത്തിന്റെ വജ്രകണ്ണികള്‍ അറുത്തുമാറ്റാതെയും
കരാഗ്രഹങ്ങളുടെ പടിയടയാളങ്ങളെ
അകാശഭൂമിക്കുമിടയിലെ സമദൂരങ്ങളിലേക്ക്
അളന്നൊഴിവാക്കാമായിരുന്നു.
മുന്നോക്കം തടയപ്പെട്ടവരുടെയും
അടിച്ചമര്‍ത്തപ്പെട്ടവരുടെയും
ജ്വലിപ്പിക്കുന്ന രോദനങ്ങളില്‍ നിന്നും
കാഴ്ചയും കേള്‍വിയും പിഴുതെടുത്തും
കലാപങ്ങളില്‍ മൃതിയടഞ്ഞവരെ
സ്മരിക്കാതെയും
ദുഖവര്‍ത്തമാനങ്ങളുടെ പെട്ടിയിലേക്ക്
കൗതുകപ്പെടാമായിരുന്നു.
പക്ഷേ
സത്രീ നൈതികതയുടെ അടുക്കില്ലായ്മയെ കുത്തി
അക്ഷരങ്ങളുമായി സമരസപ്പെടുന്ന
മനുഷ്യമനസ്സ് എന്നെ വശീകരിക്കുകയായിരുന്നു.
മൊഴിമാറ്റം: അഷ്‌റഫ് കാളത്തോട്.
കുറിപ്പ്: 1942 ല്‍ കുവൈറ്റില്‍ ജനിച്ച ഡോ. സുആദ അല്‍ സബ 1982 ലാണ് യു.കെയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് ബിരുദം നേടിയത്. ധാരാളം കവിതങ്ങളും സാമ്പത്തിക ശാസ്ത്രകൃതികളും രചിച്ചിട്ടുള്ള സൂആദ അല്‍ സബ കുവൈറ്റിലെ ജനശ്രദ്ധനേടിയ കവയത്രിയാണ്. ഡോ. ഷിഹാബ് ഗെനമാണ് അവരുടെ കൃതികള്‍ പലതും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിരിക്കുന്നത്.

Monday, August 24, 2009

പൊരുള്‍



പൊരുള്‍

കൈപ്പുഴ രാജന്‍

കടലിനേക്കാള്‍

പഴക്കം ചെന്ന

പായ്ക്കപ്പലില്‍ വെച്ച്

പ്രണയത്തെ കുറിച്ച്

പറയുന്നതിന് മുന്‍പ്

ഞാന്‍ നാവികനും

നീ യാത്രക്കാരിയും

അനാദിയുടെ തീരത്ത്

ദിക്കറിയാതെ നങ്കൂരമിട്ടപ്പോള്‍

ഞാന്‍ കാമുകനും

നീ കാമുകിയും

ആദ്യാനുരാഗത്തിന്റെ

തിരശ്ശീലയ്ക്ക് പിന്നില്‍

ഞാന്‍ ഉപകാരവും

നീ ഉപഭോക്താവും

പൊരുത്തപ്പെടാനാവാത്ത

ജീവതത്തിന്റെ കോടതിമുറിയില്‍

വിചാരണ ചെയ്തപ്പോള്‍

ഞാന്‍ കുറ്റവാളിയും

നീ വിധികര്‍ത്താവും

പ്രരോദനത്തിന്റെ കഴുമരത്തിന്‍

ചുവട്ടില്‍ നില്‍ക്കുമ്പോള്‍

ഞാന്‍ മൃതപ്രായനും

നീ മൃതിയിലേക്ക്

അസ്ത്രമയച്ചവളും.

Thursday, August 6, 2009

അന്നയുടെ തീരുമാനം



അന്നയുടെ തീരുമാനം

കാതി സ്റ്റെയിന്‍മാന്‍



അന്ന ഒരിക്കല്‍ക്കൂടി കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് സൂക്ഷിച്ചു നോക്കി. നിറഞ്ഞു കവിയുന്ന നീലത്തടാകം പോലുള്ള കണ്ണുകള്‍. വിറയ്ക്കുന്ന മെല്ലിച്ച ശരീരം. ചുരുണ്ട, സമൃദ്ധമായ മുടിയിഴകള്‍ ചിതറി വീണുകിടക്കുന്ന മൃദുലവും വിളറിയതുമായ കഴുത്തില്‍ അവള്‍ വിരലുകളോടിച്ചുകൊണ്ട് താഴെ, ബാത്തു ടമ്പിനരികിലെ തിളങ്ങുന്ന ബ്ലേഡിലേക്കും അതിനപ്പുറം ചിതറിയ ഉറക്ക ഗുളികകളിലേക്കും കണ്ണോടിച്ചു. ബാത്തു ടമ്പിലെ മെഴുകുകുതിരികളുടെ പ്രകാശം മുറിയിലെ ഇരുട്ടില്‍ വിറച്ചു നില്പുണ്ടായിരുന്നു, അന്നേരം. ക്ലോസറ്റിനപ്പുറം, ബാത്തു ടമ്പിനുമപ്പുറം ജാലകവിരിയുടെയും ടൗവലുകളുടെയും നിഴല്‍ ഭീതിദമായ ഇരുള്‍ സൃഷ്ടിച്ചു.

അന്നയുടെ നോട്ടം വീണ്ടും കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് വീണു. എന്താണ് ആ കണ്ണുകളില്‍ നിഴലിക്കുന്നത്? ഭയം? വിഷാദം? ഒരു പക്ഷേ നിസ്സഹായത? അതോ, മാനസികവിഭ്രാന്തിയോ?

മുറിയിലെ പങ്കയുടെ അരോചകമായ ശബ്ദത്തിനും മീതെ, ഉയര്‍ന്നു കേള്‍ക്കാന്‍ പാകത്തില്‍ അന്ന സിഡി പ്ലയറിലെ തന്റെ പ്രിയപ്പെട്ട ഗാനം ശബ്ദം കൂട്ടിവെച്ചു. ആഴത്തിലുള്ള വെറി വൈറ്റിന്റെ ശബ്ദം അവളെ സംഗീതത്തിന്റെ ഒരു കരിമ്പടമായി മെല്ലെ പൊതിഞ്ഞു. അതിന്റെ നേര്‍ത്ത താളത്തില്‍ ലയിച്ച് കണ്ണുകള്‍ രണ്ടും ഇറുകെ ചിമ്മിയപ്പോള്‍ ഒരു നിമിഷം താനെവിടെയാണെന്ന് അന്ന മറന്നുപോയി.

കണ്ണാടിയിലെ നഗ്നമായ പ്രതിബിംബത്തിലേക്ക് അവള്‍ വീണ്ടും തിരിച്ചു വന്നു. വടിവൊത്ത നഗ്നമായ ശരീരത്തില്‍, ഇടത്തെ മുലഞെട്ടിനു താഴെ ആരോ ദേഷ്യപ്പെട്ട് കോറിയ പോലെ ഒരു വര മാത്രമേ അവശേഷിച്ചുള്ളു. ഡോക്ടറുടെ ഓപ്പറേഷന്‍ കത്തിയുടെ മൂര്‍ച്ചയുടെ അടയാളം. മകള്‍ക്ക് കത്തെഴുതാന്‍ പേപ്പര്‍പ്പാടിനും പേനയ്ക്കുമായി തിരിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ കണ്ണീര്‍ ഉറവപൊട്ടി.
എന്റെ പ്രിയപ്പെട്ട ലെയിനാ...........
എന്നോട് ക്ഷമിക്കൂ മോളെ.............
സ്വന്തം അമ്മ..........

ഹൃസ്വമായ കത്ത് എഴുതിത്തീര്‍ത്ത് അന്ന ബാത്ത് ടബിലെ ഇളം ചൂടു വെള്ളത്തിലേക്ക് കയറി. ശരീരത്തിന്റെ ഓരോ കോശങ്ങളിലും വെള്ളം നിറയാനനുവദിച്ചു. മുട്ടുകള്‍ വളച്ച് ശിരസ്സ് ഏറെ നേരം വെള്ളത്തിലേക്ക് പൂഴ്ത്തി വെച്ചപ്പോള്‍ മരണത്തിന്റെ തലോടലേറ്റ് അവള്‍ ചെറുതായൊന്ന് ഞെട്ടി. മരണം വല്ലാതെ വേദനപ്പെടുത്തുമോ? പൊടുന്നനെ ചെറുപ്പത്തിലെ നഷ്ടമായ അമ്മയുടെയും മുത്തച്ഛന്റെയും
സാന്ത്വനങ്ങള്‍ക്കായി അവളുടെ ഉള്ളം കൊതിച്ചു.

വെള്ളത്തില്‍ നിന്നും തലയെടുത്ത് അവള്‍ കത്രികയുടെ അടുത്തേക്ക് നീങ്ങി. നഗ്നമായ കഴുത്തിലെ പെടച്ചു നില്‍ക്കുന്ന നീല ഞരമ്പുകള്‍ മുറിയുന്നതും ഒരു കുടന്ന വെള്ളം പോലെ രക്തം ഞരമ്പിലൂടെ, ഹൃദയത്തില്‍ നിന്ന് രക്തധമനികളിലേക്ക് കുതിച്ചു ചാടുന്ന അതേ താളത്തില്‍ ബാത്ത് ടബിലേക്ക് ചീറ്റിത്തെറിക്കുന്നതും അവള്‍ വെറുതെ സങ്കല്‍പ്പിച്ചു നോക്കി.

വിറയ്ക്കുന്ന കൈകളോടെ അന്ന നെറ്റിയില്‍ തടവി. എന്നിട്ട് മുടി കോതി കുടുമപോലെ വാരിക്കെട്ടി വെച്ചു. അവളുടെ തേങ്ങലുകള്‍ മുറിയിലെ സംഗീതവുമായി കൂടിച്ചേര്‍ന്നുപതുക്കെ ഒരു വിലാപമായി പരിണമിച്ചു. ഒരു ദീര്‍ഘ നിശ്വാസത്തിനു ശേഷം അന്ന ബാത്ത് ടബില്‍ നിന്നെഴുന്നേറ്റ് വീണ്ടും കണ്ണാടിയുടെ മുമ്പിലേക്ക് നടന്നു. നഗ്നമായ അവളുടെ ശരീരത്തില്‍ നിന്ന് വെള്ളം നിലത്തെ തറയോടില്‍ അവ്യക്തമായ ചിത്രങ്ങള്‍ വരച്ചു.

അന്ന റേസറെടുത്ത് അതിന്റെ ഒരറ്റം പ്ലഗിലേക്ക് കുത്തി. ഇലക്ട്രിക് വയറിന്റെ നീളം കണ്ണാടിയുടെ അരികിലേക്ക് എത്തുമോ എന്നു ഉറപ്പു വരുത്തി.
അതെ, അത് വളരെ ലളിതമാണ്.............. അവള്‍ ചിന്തിച്ചു.

കണ്ണാടിയിലേക്ക് നോക്കി, അവള്‍ റേസര്‍ കൈയിലെടുത്തു. കൈകളില്‍ കിടന്ന് അത് വിറയ്ക്കുന്നുണ്ടായിരുന്നു. റേസറിന്റെ മൂര്‍ച്ചയുള്ള പല്ലുകളില്‍ തട്ടി അവളുടെ സില്‍ക്ക് പോലെ സുതാര്യമായ മുടികള്‍ മുറിഞ്ഞു വീഴാന്‍ തുടങ്ങി. നഗ്നമായ തലയോടിന്റെ വൃത്തികെട്ട വെളുപ്പ് കാണായി. പിന്‍ഭാഗത്ത് കുമിഞ്ഞ കറുത്ത ചുരുണ്ട മുടികള്‍ വീണ് റേസറിന്റെ ഇലക്ട്രിക് വയര്‍ പ്ലഗില്‍ നിന്നും നിലത്തേക്കൂര്‍ന്ന്, യന്ത്രം പെട്ടെന്ന് നിലച്ചു.
നാശം.

അന്ന മുടിയിഴകള്‍ പതുക്കെ എടുത്തുമാറ്റി ഓസ് ഉപയോഗിച്ച് ശരീരത്തിലെ അവശേഷിച്ച മുടിയ ഒഴുക്കിക്കളഞ്ഞു. എന്നിട്ട് ബാക്കിയുണ്ടായിരുന്ന മുടികൂടി ഷേവ് ചെയ്ത് നീക്കി. അവളുടെ ശരിസ്സ് അപ്പോള്‍ കണ്ണാടിപോലെ തിളങ്ങി.
താന്‍ അതിന് തയ്യാറായിക്കഴിഞ്ഞോ?

മുറിയിലെ തണുപ്പ് പതുക്കെ പത്തിവിടര്‍ത്താന്‍ തുടങ്ങുകയും ശരീരം ക്രമാതീതമായി വിറയ്ക്കുകയും ചെയ്യുന്നതുവരെ അവള്‍ തുറന്നിട്ട ഷവറിന്റെ താഴെ നിന്നു. ഏറേ നേരത്തിനു ശേഷം ഷവറിനു താഴെ നിന്ന് പിന്‍വാങ്ങുമ്പോള്‍ അവളുടെ ഹൃദയം ശാന്തമായിരുന്നു.

പതുക്കെ വളരെ പതുക്കെ അവള്‍ ശരീരത്തിലെ വെള്ളം ടൗവലെടുത്ത് തുടച്ചു നീക്കി. എന്നിട്ട് ടവ്വല്‍ ചുറ്റി നഗ്നത മറച്ച് അവള്‍ ഫോണിനരികിലേക്ക് നടന്നു. അപ്പുറത്ത് ഫോണ്‍ എടുത്ത നഴ്‌സ് വളരെ വേഗം അന്നയുടെ ശബ്ദം തിരിച്ചറിഞ്ഞു. ലെയ്‌നക്ക് എഴുതിവെച്ച കുറിപ്പിലേക്ക് അവളുടെ കണ്ണുനീര്‍ ചുടുചോര പോലെ അപ്പോഴും ചീറ്റിയൊഴുകികൊണ്ടിരുന്നു.

വിറയ്ക്കുന്ന ചുണ്ടുകളോടെ ഫോണില്‍ അവള്‍ മന്ത്രിച്ചു: ഹായ് ഏയ്‌വാ, എന്റെ ആദ്യത്തെ കീമോതെറാപ്പി ചികിത്സക്ക് നാളെ രാവിലെ ഞാന്‍ വരും.

കുറിപ്പു : കാതി സ്റ്റെയിന്‍മാന്‍ ജര്‍മനിയിലെ പ്രശസ്ത എഴുത്തുകാരിയാണ്. മൂന്നു കഥാ സമാഹരങ്ങള്‍ പ്രസിദ്ധീകരിച്ച് അവര്‍ക്ക് ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്നയുടെ തീരുമാനം അവരുടെ വ്യത്യസ്തമായ ഒരു രചനയാണ്.