Thursday, August 6, 2009

അന്നയുടെ തീരുമാനം



അന്നയുടെ തീരുമാനം

കാതി സ്റ്റെയിന്‍മാന്‍



അന്ന ഒരിക്കല്‍ക്കൂടി കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് സൂക്ഷിച്ചു നോക്കി. നിറഞ്ഞു കവിയുന്ന നീലത്തടാകം പോലുള്ള കണ്ണുകള്‍. വിറയ്ക്കുന്ന മെല്ലിച്ച ശരീരം. ചുരുണ്ട, സമൃദ്ധമായ മുടിയിഴകള്‍ ചിതറി വീണുകിടക്കുന്ന മൃദുലവും വിളറിയതുമായ കഴുത്തില്‍ അവള്‍ വിരലുകളോടിച്ചുകൊണ്ട് താഴെ, ബാത്തു ടമ്പിനരികിലെ തിളങ്ങുന്ന ബ്ലേഡിലേക്കും അതിനപ്പുറം ചിതറിയ ഉറക്ക ഗുളികകളിലേക്കും കണ്ണോടിച്ചു. ബാത്തു ടമ്പിലെ മെഴുകുകുതിരികളുടെ പ്രകാശം മുറിയിലെ ഇരുട്ടില്‍ വിറച്ചു നില്പുണ്ടായിരുന്നു, അന്നേരം. ക്ലോസറ്റിനപ്പുറം, ബാത്തു ടമ്പിനുമപ്പുറം ജാലകവിരിയുടെയും ടൗവലുകളുടെയും നിഴല്‍ ഭീതിദമായ ഇരുള്‍ സൃഷ്ടിച്ചു.

അന്നയുടെ നോട്ടം വീണ്ടും കണ്ണാടിയിലെ പ്രതിബിംബത്തിലേക്ക് വീണു. എന്താണ് ആ കണ്ണുകളില്‍ നിഴലിക്കുന്നത്? ഭയം? വിഷാദം? ഒരു പക്ഷേ നിസ്സഹായത? അതോ, മാനസികവിഭ്രാന്തിയോ?

മുറിയിലെ പങ്കയുടെ അരോചകമായ ശബ്ദത്തിനും മീതെ, ഉയര്‍ന്നു കേള്‍ക്കാന്‍ പാകത്തില്‍ അന്ന സിഡി പ്ലയറിലെ തന്റെ പ്രിയപ്പെട്ട ഗാനം ശബ്ദം കൂട്ടിവെച്ചു. ആഴത്തിലുള്ള വെറി വൈറ്റിന്റെ ശബ്ദം അവളെ സംഗീതത്തിന്റെ ഒരു കരിമ്പടമായി മെല്ലെ പൊതിഞ്ഞു. അതിന്റെ നേര്‍ത്ത താളത്തില്‍ ലയിച്ച് കണ്ണുകള്‍ രണ്ടും ഇറുകെ ചിമ്മിയപ്പോള്‍ ഒരു നിമിഷം താനെവിടെയാണെന്ന് അന്ന മറന്നുപോയി.

കണ്ണാടിയിലെ നഗ്നമായ പ്രതിബിംബത്തിലേക്ക് അവള്‍ വീണ്ടും തിരിച്ചു വന്നു. വടിവൊത്ത നഗ്നമായ ശരീരത്തില്‍, ഇടത്തെ മുലഞെട്ടിനു താഴെ ആരോ ദേഷ്യപ്പെട്ട് കോറിയ പോലെ ഒരു വര മാത്രമേ അവശേഷിച്ചുള്ളു. ഡോക്ടറുടെ ഓപ്പറേഷന്‍ കത്തിയുടെ മൂര്‍ച്ചയുടെ അടയാളം. മകള്‍ക്ക് കത്തെഴുതാന്‍ പേപ്പര്‍പ്പാടിനും പേനയ്ക്കുമായി തിരിഞ്ഞപ്പോള്‍ അവളുടെ കണ്ണുകളില്‍ കണ്ണീര്‍ ഉറവപൊട്ടി.
എന്റെ പ്രിയപ്പെട്ട ലെയിനാ...........
എന്നോട് ക്ഷമിക്കൂ മോളെ.............
സ്വന്തം അമ്മ..........

ഹൃസ്വമായ കത്ത് എഴുതിത്തീര്‍ത്ത് അന്ന ബാത്ത് ടബിലെ ഇളം ചൂടു വെള്ളത്തിലേക്ക് കയറി. ശരീരത്തിന്റെ ഓരോ കോശങ്ങളിലും വെള്ളം നിറയാനനുവദിച്ചു. മുട്ടുകള്‍ വളച്ച് ശിരസ്സ് ഏറെ നേരം വെള്ളത്തിലേക്ക് പൂഴ്ത്തി വെച്ചപ്പോള്‍ മരണത്തിന്റെ തലോടലേറ്റ് അവള്‍ ചെറുതായൊന്ന് ഞെട്ടി. മരണം വല്ലാതെ വേദനപ്പെടുത്തുമോ? പൊടുന്നനെ ചെറുപ്പത്തിലെ നഷ്ടമായ അമ്മയുടെയും മുത്തച്ഛന്റെയും
സാന്ത്വനങ്ങള്‍ക്കായി അവളുടെ ഉള്ളം കൊതിച്ചു.

വെള്ളത്തില്‍ നിന്നും തലയെടുത്ത് അവള്‍ കത്രികയുടെ അടുത്തേക്ക് നീങ്ങി. നഗ്നമായ കഴുത്തിലെ പെടച്ചു നില്‍ക്കുന്ന നീല ഞരമ്പുകള്‍ മുറിയുന്നതും ഒരു കുടന്ന വെള്ളം പോലെ രക്തം ഞരമ്പിലൂടെ, ഹൃദയത്തില്‍ നിന്ന് രക്തധമനികളിലേക്ക് കുതിച്ചു ചാടുന്ന അതേ താളത്തില്‍ ബാത്ത് ടബിലേക്ക് ചീറ്റിത്തെറിക്കുന്നതും അവള്‍ വെറുതെ സങ്കല്‍പ്പിച്ചു നോക്കി.

വിറയ്ക്കുന്ന കൈകളോടെ അന്ന നെറ്റിയില്‍ തടവി. എന്നിട്ട് മുടി കോതി കുടുമപോലെ വാരിക്കെട്ടി വെച്ചു. അവളുടെ തേങ്ങലുകള്‍ മുറിയിലെ സംഗീതവുമായി കൂടിച്ചേര്‍ന്നുപതുക്കെ ഒരു വിലാപമായി പരിണമിച്ചു. ഒരു ദീര്‍ഘ നിശ്വാസത്തിനു ശേഷം അന്ന ബാത്ത് ടബില്‍ നിന്നെഴുന്നേറ്റ് വീണ്ടും കണ്ണാടിയുടെ മുമ്പിലേക്ക് നടന്നു. നഗ്നമായ അവളുടെ ശരീരത്തില്‍ നിന്ന് വെള്ളം നിലത്തെ തറയോടില്‍ അവ്യക്തമായ ചിത്രങ്ങള്‍ വരച്ചു.

അന്ന റേസറെടുത്ത് അതിന്റെ ഒരറ്റം പ്ലഗിലേക്ക് കുത്തി. ഇലക്ട്രിക് വയറിന്റെ നീളം കണ്ണാടിയുടെ അരികിലേക്ക് എത്തുമോ എന്നു ഉറപ്പു വരുത്തി.
അതെ, അത് വളരെ ലളിതമാണ്.............. അവള്‍ ചിന്തിച്ചു.

കണ്ണാടിയിലേക്ക് നോക്കി, അവള്‍ റേസര്‍ കൈയിലെടുത്തു. കൈകളില്‍ കിടന്ന് അത് വിറയ്ക്കുന്നുണ്ടായിരുന്നു. റേസറിന്റെ മൂര്‍ച്ചയുള്ള പല്ലുകളില്‍ തട്ടി അവളുടെ സില്‍ക്ക് പോലെ സുതാര്യമായ മുടികള്‍ മുറിഞ്ഞു വീഴാന്‍ തുടങ്ങി. നഗ്നമായ തലയോടിന്റെ വൃത്തികെട്ട വെളുപ്പ് കാണായി. പിന്‍ഭാഗത്ത് കുമിഞ്ഞ കറുത്ത ചുരുണ്ട മുടികള്‍ വീണ് റേസറിന്റെ ഇലക്ട്രിക് വയര്‍ പ്ലഗില്‍ നിന്നും നിലത്തേക്കൂര്‍ന്ന്, യന്ത്രം പെട്ടെന്ന് നിലച്ചു.
നാശം.

അന്ന മുടിയിഴകള്‍ പതുക്കെ എടുത്തുമാറ്റി ഓസ് ഉപയോഗിച്ച് ശരീരത്തിലെ അവശേഷിച്ച മുടിയ ഒഴുക്കിക്കളഞ്ഞു. എന്നിട്ട് ബാക്കിയുണ്ടായിരുന്ന മുടികൂടി ഷേവ് ചെയ്ത് നീക്കി. അവളുടെ ശരിസ്സ് അപ്പോള്‍ കണ്ണാടിപോലെ തിളങ്ങി.
താന്‍ അതിന് തയ്യാറായിക്കഴിഞ്ഞോ?

മുറിയിലെ തണുപ്പ് പതുക്കെ പത്തിവിടര്‍ത്താന്‍ തുടങ്ങുകയും ശരീരം ക്രമാതീതമായി വിറയ്ക്കുകയും ചെയ്യുന്നതുവരെ അവള്‍ തുറന്നിട്ട ഷവറിന്റെ താഴെ നിന്നു. ഏറേ നേരത്തിനു ശേഷം ഷവറിനു താഴെ നിന്ന് പിന്‍വാങ്ങുമ്പോള്‍ അവളുടെ ഹൃദയം ശാന്തമായിരുന്നു.

പതുക്കെ വളരെ പതുക്കെ അവള്‍ ശരീരത്തിലെ വെള്ളം ടൗവലെടുത്ത് തുടച്ചു നീക്കി. എന്നിട്ട് ടവ്വല്‍ ചുറ്റി നഗ്നത മറച്ച് അവള്‍ ഫോണിനരികിലേക്ക് നടന്നു. അപ്പുറത്ത് ഫോണ്‍ എടുത്ത നഴ്‌സ് വളരെ വേഗം അന്നയുടെ ശബ്ദം തിരിച്ചറിഞ്ഞു. ലെയ്‌നക്ക് എഴുതിവെച്ച കുറിപ്പിലേക്ക് അവളുടെ കണ്ണുനീര്‍ ചുടുചോര പോലെ അപ്പോഴും ചീറ്റിയൊഴുകികൊണ്ടിരുന്നു.

വിറയ്ക്കുന്ന ചുണ്ടുകളോടെ ഫോണില്‍ അവള്‍ മന്ത്രിച്ചു: ഹായ് ഏയ്‌വാ, എന്റെ ആദ്യത്തെ കീമോതെറാപ്പി ചികിത്സക്ക് നാളെ രാവിലെ ഞാന്‍ വരും.

കുറിപ്പു : കാതി സ്റ്റെയിന്‍മാന്‍ ജര്‍മനിയിലെ പ്രശസ്ത എഴുത്തുകാരിയാണ്. മൂന്നു കഥാ സമാഹരങ്ങള്‍ പ്രസിദ്ധീകരിച്ച് അവര്‍ക്ക് ഒട്ടേറെ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അന്നയുടെ തീരുമാനം അവരുടെ വ്യത്യസ്തമായ ഒരു രചനയാണ്.

1 comment:

  1. ഹൃദയത്തില്‍ തൊടുന്ന കഥയുടെ ഭാഷ. പരിഭാഷ.

    ReplyDelete