Saturday, December 19, 2009

തട്ടിപ്പുകാരന്റെ മൂടുപടങ്ങള്‍.


തട്ടിപ്പുകാരന്റെ മൂടുപടങ്ങള്‍.
ഫ്രാന്‍സ് കാഫ്ക

അവസാനം, രാത്രി പത്തു മണിയോട് അടുപ്പിച്ച്, വൈകുന്നേരം വിരുന്നിനായി ക്ഷണിക്കപ്പെട്ടിട്ടുള്ള ആ പ്രൗഢമായ വീടിന്റെ മുന്നിലേക്ക് ഞാന്‍ എത്തിച്ചേര്‍ന്നു. മുമ്പൊരിക്കല്‍ കണ്ടു പരിചയമുള്ള, ഇപ്പോള്‍ ഓര്‍ക്കാപ്പുറത്തു മുന്നില്‍ വന്നു ചാടിയതിന്റെ പേരില്‍ പിന്നാലെ തൂങ്ങി നടക്കുകയും ചെയ്യുന്ന ഒരാള്‍ കൂടി എന്റെ കൂടെയുണ്ടായിരുന്നു.
ശരി. ഇനി പിരിയാം സുഹൃത്തേ എന്ന അര്‍ത്ഥത്തില്‍ ഞാന്‍ കൈതട്ടിക്കൊണ്ട് പറഞ്ഞു. അവനില്‍ നിന്നും രക്ഷപ്പെട്ടാന്‍ ഇത്തരം ഉറപ്പില്ലാത്ത ശ്രമങ്ങള്‍ നേരത്തെ പലതും നടത്തി തളര്‍ന്നിരിക്കയായിരുന്നു ഞാന്‍.
നിങ്ങള്‍ നേരെ പോകുകയാണോ? അയാള്‍ ചോദിച്ചു. പല്ലുകടിക്കുന്നതുപോലെയുള്ള ഒരു ശബ്ദമാണ് ഞാന്‍ കേട്ടത്.
അതെ.
ഞാന്‍ ക്ഷണിക്കപ്പെട്ടവനാണെന്ന് ആദ്യം കണ്ടപ്പോള്‍ തന്നെ ഞാനവനെ അറിയിച്ചിരുന്നതാണ്. കടന്നുചെല്ലാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന ഒരു വീട്ടിലേക്കാണ് ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നത്. അല്ലാതെ, ഇവിടെ ഈ വാതിലിനു മുന്നില്‍ ഇങ്ങനെ അപരിചിതനായ ഈ മനുഷ്യന്റെ തോളിനു മീതേക്കൂടി നോക്കിനില്‍ക്കാനും നേരത്ത പറഞ്ഞുറപ്പിച്ച പോലെ നിശ്ശബ്ദതയാല്‍ മൂകരാകാനും വേണ്ടിയല്ല. എന്നാല്‍ ആ വീടിനു തൊട്ടപ്പുറത്തെ ഇരുട്ടും ആകാശത്തിലെ നക്ഷത്രങ്ങള്‍തന്നെയും പെട്ടെന്ന് ആ നിശ്ശബ്ദതയില്‍ മൂടി. എവിടേക്ക് പോകുന്നുവെന്ന് നമുക്ക് ചോദിക്കാന്‍ അര്‍ഹതയില്ലാത്ത യാത്രക്കാരുടെ കാല്‍വെയ്പ്പുകള്‍, തെരുവിന്റെ അപ്പുറത്ത് നിര്‍ത്താതെ വീശിക്കൊണ്ടിരിക്കുന്ന കാറ്റ്, ആരുടേയോ മുറിയിലെ അടഞ്ഞ ജനാലയ്ക്കിടയിലൂടെ ഒഴുകിവുരുന്ന ഗ്രാമഫോണില്‍ നിന്നുള്ള വിഷാത്മകമായ പാട്ട്. ഇവയെല്ലാം ഇതിനു മുമ്പും ഇനിയെന്നും അങ്ങനെ തന്നെയായിരിക്കുമെന്ന ഭാവത്തോടെ, ആ നിശ്ശബ്ദതയുടെ ഉള്ളില്‍ നിന്ന് പതുക്കെ പുറത്തു വന്നു.
എന്റെ സഹയാത്രികനാകട്ടെ, വലതുകൈ നീട്ടി മതിലില്‍ കുത്തി, അതില്‍ കവിളമര്‍ത്തി, കണ്ണുകളുടെ ഇമ താഴ്ത്തി നിന്ന് സ്വന്തം പേരിലും - പിന്നെ ഒരു പുഞ്ചിരിയോടെ എന്റെ പേരിലും - അതില്‍ പങ്കുചേര്‍ന്നു.
പെട്ടെന്ന് ലജ്ജ പിടികൂടിയതുകാരണം എനിക്ക് അയാളുടെ പുഞ്ചിരിയുടെ അവസാനം കാണേണ്ടി വന്നില്ല. അയാള്‍ വെറുമൊരു തട്ടിപ്പുകാരനല്ലാതെ മറ്റാരുമല്ലെന്ന് മനസ്സിലാക്കാന്‍ ആ പുഞ്ചിരി വേണ്ടിവന്നുവെന്നതാണ് സത്യം. ഞാന്‍ ഈ നഗരത്തിലെത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരുന്നതിനാല്‍ തട്ടിപ്പുകാരെക്കുറിച്ച് എനിക്കെല്ലാമറിയാമെന്നായിരുന്നു എന്റെ ധാരണ. ഇടവഴികളില്‍ നിന്ന് ഹെഡ് വൈറ്റര്‍മാരുടെ നീട്ടിപ്പിടിച്ച കൈകളോടെ നിങ്ങളുടെ അടുത്തേക്കുള്ള അവരുടെ വരവ്, ഒരു പരസ്യത്തൂണില്‍ നിങ്ങള്‍ നില്‍ക്കുമ്പോള്‍, അതിനെ ചുറ്റിപ്പിടിച്ച് ഒളിച്ചു നോക്കുന്ന രീതി, ഒഴിഞ്ഞു മാറി നടക്കുമ്പോള്‍ പെട്ടെന്ന് അവരുടെ മുന്നിലേക്കുളള ആവിര്‍ഭാവം. എനിക്കിതെല്ലാം വളരെ പരിചിതമായിരുന്നു. നഗരത്തിലെ ചെറിയ മദ്യഷാപ്പിലും ഹോട്ടലിലും വെച്ച് ഞാന്‍ ആദ്യമായി പരിചയപ്പെട്ടത് ഇവരെയായിരുന്നു. ലോകത്തെവിടെയും കാണാവുന്ന പാരുഷ്യം ആദ്യമായി എന്നെ ബോധ്യപ്പെടുത്തിത്തന്ന് മനസ്സിനെ ദൃഢമാക്കിയതിനു എനിക്കു നന്ദി പറയേണ്ടതും ഇവരോടാണ്. നിങ്ങള്‍ എത്രമുമ്പേ രക്ഷപ്പെട്ടുപോയാലും ഒരിക്കലും വിട്ടുകൊടുക്കാനോ തോറ്റു മടങ്ങാനോ തയ്യാറില്ലാതെ ദൂരേയ്ക്ക് മാറി നിന്നാലും കാര്യമില്ല, നോട്ടങ്ങള്‍ നിങ്ങളുടെ നേര്‍ക്ക് തൊടുത്തു വിട്ടുകൊണ്ട് അവര്‍ നില്‍ക്കും. അവരെപ്പോഴും ഒരുപോലെ തന്നെയായിരുന്നു. കഴിയുന്നത്ര സ്ഥലം അപഹരിച്ചുകൊണ്ടു കുറ്റി നാട്ടിയപോലെ അവര്‍ നിങ്ങളുടെ അടുത്തു വന്നു അല്പം മാറി നില്‍ക്കും. നിങ്ങള്‍ പോകാനാഗ്രഹിക്കുന്ന സ്ഥലത്തേക്ക് കൂര്‍പ്പിച്ചു നോക്കി, പകരമായി സ്വന്തം ഹൃദയം പോലും പണയം വെയ്ക്കാമെന്ന നാട്യത്തോടെ. ഇനി നിങ്ങളുടെ അമര്‍ത്തിവെച്ച രോഷമെല്ലാം കുതറിപുറത്തു ചാടിയാലും രക്ഷയില്ല. അവര്‍ അതിനെ ഒരാശ്ലേഷമായി സ്വീകരിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യും.
ഇതെല്ലാം വീണ്ടും തിരിച്ചറിയാന്‍ ഈ മനുഷ്യനുമായി ഇത്രയും സമയം ചിലവിടേണ്ടി വന്നുവെന്നോര്‍ത്ത് എനിക്ക് നാണക്കേടുണ്ടായി. അതു മറയ്ക്കാനെന്നോണം ഞാന്‍ കൈവിരല്‍ തുമ്പുകള്‍ തമ്മിലുരസി. എന്റെ സഹചാരി അപ്പോഴും പഴയ പടി തന്റെ തട്ടിപ്പുകളെല്ലാം വിജയിച്ചുവെന്ന ഭാവത്തോടെ നില്‍ക്കുകയായിരുന്നു. വിജയത്തിന്റെ ആ മാസ്മരികത അയാളുടെ കവിളുകളെ അരുണാഭമാക്കി. പിടികിട്ടി സുഹൃത്തേ...... അയാളുടെ ചുമലില്‍ വിരല്‍ തൊട്ട് ഞാന്‍ പറഞ്ഞു. എന്നിട്ട് നടക്കല്ലുകള്‍ ധൃതിയില്‍ ഓടിക്കയറി. ഹാളിലെ വേലക്കാരുടെ മുഖത്ത് പ്രസരിച്ച സേവനാര്‍പ്പണം വിസ്മയകരമായ ഒരനുഭൂതിയായി എന്നെ തലോടി. എന്റെ കോട്ടു ഊരുമാറ്റുമ്പോഴും ഷൂസ് തുടച്ചു മിനുക്കുമ്പോഴും ഞാന്‍ അവരെ ഓരോന്നായി വീക്ഷിച്ചു. പിന്നെ, ആശ്വാസത്തിന്റെയായ നെടുവീര്‍പ്പയച്ച്, നെഞ്ചുയര്‍ത്തി ഞാന്‍ സ്വീകരണ മുറിയിലേക്ക് പ്രവേശിച്ചു.
കുറിപ്പ്: കാഫ്കയുടെ അതി പ്രശസ്തമായ ഈ കഥ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് എഡ്‌വിന്‍ മൂറും വില്ലയും ചേര്‍ന്നാണ്.

1 comment:

  1. തട്ടിപ്പുകാരന്റെ മൂടുപടങ്ങളെക്കുറിച്ച് നന്നായി വരച്ചിരിക്കുന്നു.

    ReplyDelete